മുംബൈ: ആഗോള വിപണിയിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.20 എന്ന റെക്കോർഡ് തകർച്ചയിലെത്തി. ആർബിഐ ഇന്ത്യൻ വിപണിയിൽ ഇടപെടലുകൾ നടത്തിയിട്ടും രൂപയുടെ മൂല്യം പിടിച്ചുനിർത്താനായില്ല.ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
മാർച്ച് മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ നാല് ശതമാനത്തിലധികം ഇടിവുണ്ടായി. ഇത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ്. പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ വില വർധിച്ചതാണ് പ്രധാന കാരണം.
കൂടാതെ, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയെ തളർത്തി. രൂപയുടെ തകർച്ച തടയാൻ ബാങ്കുകളുടെ വിദേശനാണ്യ വിനിമയ പരിധി 100 മില്യൺ ഡോളറായി ആർബിഐ നിജപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശം ഏപ്രിൽ 10-നകം പാലിക്കണമെന്നാണ് ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദേശം. രൂപയുടെ തകർച്ചയ്ക്കൊപ്പം ഓഹരി വിപണിയിലും വലിയ ഇടിവുണ്ടായി.
നിഫ്റ്റി 50 സൂചികയിൽ തിങ്കളാഴ്ച 2 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില നിയന്ത്രണവിധേയമാകാത്ത പക്ഷം രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.